
കേരള ബാങ്കിന്റെ 4-ാം വാർഷിക പൊതുയോഗം
കേരള ബാങ്കിന്റെ 4-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26-ാം തീയതി തിരുവനന്തപുരം അൽ-സാജ് കൺവെൻഷൻ സെന്ററിൽ നടന്നു.
നിലവിൽ 67,978.87 കോടി രൂപയുടെ നിക്ഷേപവും 1,16,582.24 കോടി രൂപയുടെ ആകെ ബിസിനസുമുള്ള കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷം സംഘങ്ങൾക്ക് ലാഭവിഹിതം നൽകുക എന്ന ലക്ഷ്യം നടപ്പാക്കാൻ പര്യാപ്തമാണെന്ന് പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കൽ അറിയിച്ചു. സംഘങ്ങളുടെ ഓഹരി പിൻവലിക്കൽ സംബന്ധിച്ചുള്ള ബൈലോ ഭേദഗതി പിൻവലിക്കാനും പൊതുയോഗം തീരുമാനിച്ചു.
48,603.43 കോടി രൂപയാണ് ഗ്രാമീണ നഗര വ്യത്യാസമില്ലാതെ വിവിധ വായ്പകളിലായി, പ്രത്യേകിച്ച് ചെറുകിട സംരംഭമേഖലയ്ക്കും, കാർഷിക കാർഷികാനുബന്ധ മേഖലയ്ക്കും ബാങ്ക് വായ്പയായി അനുവദിച്ചത്. നഷ്ട സാധ്യതയുള്ള സംഘങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകുന്നതിനായി കേരള ബാങ്ക് നടപ്പാക്കിയ പുനരുദ്ധാരണ പാക്കേജിലൂടെ 17 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കായി ഇതുവരെ 89.50 കോടി രൂപ അനുവദിച്ചു നൽകിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കുന്നതിന് PACS as MSC പദ്ധതിയിലൂടെ 436.83 കോടി രൂപയാണ് നബാർഡ് ധനസഹായത്തോടെ കേരള ബാങ്ക് അനുവദിച്ചത്. ഇതിൽ 200 കോടി രൂപ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി ഉപയോഗിച്ച് 1% പലിശ നിരക്കിലാണ് സംഘങ്ങൾക്ക് വിതരണം ചെയ്തത്. കാർഷിക മുന്നേറ്റത്തിന് സഹായിക്കുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ വ്യക്തികൾക്കും അനുവദിക്കാൻ ബാങ്ക് തീരുമാനം എടുത്തിട്ടുണ്ട്.
സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് സഹായിക്കുന്ന പ്രത്യേക കൺസോർഷ്യവും ബാങ്ക് രൂപീകരിച്ചിട്ടുണ്ട്.
മറ്റു വാണിജ്യ ബാങ്കുകൾ നൽകുന്ന UPI ഉൾപ്പെടെ എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും ലഭിക്കുന്ന കേരള ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് മിനിമം ബാലൻസ് പരിധിയോ ചാർജ്ജുകളോ ഈടാക്കുന്നതല്ല.
ചൂരൽമല, മുണ്ടകൈ ദുരന്ത ബാധിതരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളിയ നടപടിയും പൊതുയോഗം ഐകകണ്ഠേന അംഗീകരിച്ചു.
പൊതുയോഗത്തിൽ സംഘത്തിലെ 1300 ഓളം പ്രതിനിധികൾ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായ യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് അവതരണം ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ നിർവഹിച്ചു.
സഹകരണ വകുപ്പു സെക്രട്ടറി ശ്രീമതി വീണ എൻ മാധവൻ IAS, സഹകരണ സംഘം രജിസ്ട്രാർ (i/c) ശ്രീ ജ്യോതിപ്രസാദ് , ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാരായ ശ്രീ. റോയ് എബ്രഹാം, ശ്രീ. എ.ആർ. രാജേഷ്, ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. അഡ്വ: എസ്. ഷാജഹാൻ നന്ദി അറിയിച്ചു.